
കണ്ണൂരില്‍ ജനനി ഇന്‍ഫെര്‍ട്ടിലിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചാലക്കുന്നിലാണ് ഇന്‍ഫെര്‍ട്ടിലിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നത്. ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ ‘ജനനി’ പദ്ധതിയിലൂടെ അനുഗ്രഹീതരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ സാധ്യതകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ഹോമിയോപ്പതി വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജനനി. അനന്തമായ സാധ്യതകളാണ് ആയുഷ് മേഖലയില്‍ ഇന്നുള്ളത്. ജനനി പദ്ധതി ആയുഷ് മേഖലയില്‍ കൂടുതല്‍ ഊര്‍ജമാണ് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിലും ചികിത്സയിലും പ്രതിരോധത്തിലും സുപ്രധാനമായ വളര്‍ച്ച ഇന്ന് ആയുഷ് മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനനി പദ്ധതിയിലൂടെ സംസ്ഥാനത്ത് 2688 കുടുംബങ്ങളുടെ കുഞ്ഞെന്ന സ്വപ്നം പൂവണിയാന്‍ സാധിച്ചു. ഇതില്‍ കണ്ണൂരില്‍ മാത്രം 690 കുഞ്ഞുങ്ങള്‍ ജനനി വഴി ജനിച്ചു. 2012-13 വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ‘അമ്മയും കുഞ്ഞും ‘ എന്ന പേരില്‍ ആരംഭിച്ച പദ്ധതി 2017 ല്‍ ‘ജനനി’ എന്ന് പുനര്‍നാമകരണം ചെയ്തു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പും വന്ധ്യതാ ചികിത്സയുടെ വലിയ സാമ്പത്തിക ചിലവും താങ്ങാത്ത സാധാരണക്കാരായ ആളുകള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കി സാന്ത്വന സ്പര്‍ശമായി തലയുയര്‍ത്തി നില്‍ക്കാന്‍ ഈ പദ്ധതിക്ക് ജില്ലയില്‍ കഴിഞ്ഞു. വന്ധ്യത കൂടാതെ കൗമാരക്കാരുടെ ആര്‍ത്തവ പ്രശ്നങ്ങളും മുതിര്‍ന്ന സ്ത്രീകളുടെ ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങളും ഈ ഒ പിയില്‍ കൈകാര്യം ചെയ്തു വരുന്നു. ഐ പി യില്‍ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയും നല്‍കി വരുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം എന്‍ വിജയാംബിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനനി മാതൃസംഗമത്തോടനുബന്ധിച്ച് ഇതോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴസന്‍മാരായ അഡ്വ. രത്നകുമാരി വി കെ സുരേഷ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ കെ പി അന്‍വര്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അബ്ദുസ്സലാം, ജനനി സ്റ്റേറ്റ് മോഡല്‍ ഓഫീസര്‍ ഡോ. ബിജു കുമാര്‍ ദാമോദരന്‍, നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ സി അജിത് കുമാര്‍ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഡോ. ബി ജെ സോണി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.














