Hivision Channel

എസ്എസ്എല്‍സി ഫലം അക്കാദമിക് നിലവാരം ഉയര്‍ന്നതിന്റെ സൂചനയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയര്‍ന്നുവെന്നതിന്റെ സൂചകമാണ് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 40ാം വാര്‍ഷികാഘോഷത്തിന്റെയും സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അക്കാദമിക് നിലവാരത്തിന് അനുസൃതമായ രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗം കുഞ്ഞുങ്ങള്‍ക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കും. സംസ്ഥാനത്ത് പാഠപുസ്തകത്തിനപ്പുറത്തുള്ള കാര്യങ്ങള്‍ കൂടെ പഠിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍, രാജ്യത്ത് ചില മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ചരിത്രത്തെ ചിലര്‍ വളച്ചൊടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കൃത്യമായ ചരിത്രം പുതിയ തലമുറ പഠിക്കണം. നമ്മുടെ കുട്ടികള്‍ക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനം വലിയ പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങള്‍ കേരളത്തില്‍ ഉള്‍കൊള്ളിക്കും. ഇത് കേരളമാണ് മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഓര്‍ക്കണം-മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ കെ പി മോഹനന്‍, സജീവ് ജോസഫ്, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, മുന്‍ എംപി കെ കെ രാഗേഷ്, പഞ്ചായത്ത് അംഗം പി കെ ഇന്ദിര, പ്രിന്‍സിപ്പല്‍ കെ പി ശ്രീജ, പ്രധാന അധ്യാപകന്‍ കെ വി ജയരാജ് വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന്‍ മെമ്പറം പി മാധവന്‍, സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് വി വി ദിവാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *