Hivision Channel

മഴക്കാല വാഹന ഉപയോഗം;നിര്‍ദേശങ്ങളുമായി റോഡ് സുരക്ഷാ അതോറിറ്റി

വാഹനാപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്ന മഴക്കാലത്ത് വാഹന യാത്രികര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിര്‍ദേശം. ഒന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
മഴക്കാലത്ത് പരമാവധി പതുക്കെ വാഹനം ഓടിക്കുക. മഴ എത്തുന്നതോടെ റോഡില്‍ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ് ലൈറ്റുകള്‍ തെളിയിക്കുന്നത് മറ്റ് റോഡ് യാത്രികരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് നല്ലതാണ്. ഓട്ടമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനം ഉള്ളതിനാല്‍ പുതിയ ഇരുചക്ര വാഹനങ്ങളില്‍ എല്ലായ്‌പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും. എന്നാല്‍ ഹൈബീം ഉപയോഗം എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക. പഴക്കം വന്നതും ത്രെഡ് വെയര്‍ ലിമിറ്റര്‍ വരെ തേയ്മാനം സംഭവിച്ചതുമായ ടയറുകള്‍ക്കു പകരം പുതിയവ ഉപയോഗിക്കാം. ടയര്‍ പ്രഷര്‍ കൃത്യമായി വെക്കുവാന്‍ ശ്രദ്ധിക്കുക. മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. വൈപ്പര്‍ ബ്ലേഡുകള്‍ മഴക്കാലത്തിനു മുന്‍പ് മാറ്റി പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തണം. ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ്ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
കനത്ത മഴയുളള സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കുക. ഇരുചക്ര റൈഡര്‍മാര്‍ മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളര്‍ മഴക്കോട്ടുകള്‍ ഉപയോഗിക്കുക. ഡ്രൈവ് ചെയിന്‍, മെക്കാനിക്കല്‍ ബ്രേക്ക് ലിങ്കുകള്‍ എന്നിവ കൃത്യം ആയി ലൂബ്രിക്കേറ്റ് ചെയ്യുക. നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും.
ബസുകളുടെ ഷട്ടറുകള്‍ ലീക്ക് പ്രൂഫ് ആയിരിക്കണം. റോഡിലുള്ള മാര്‍ക്കിംഗുകളിലും സീബ്ര ക്രോസിംഗുകളിലും ബ്രേക്കിടുമ്പോള്‍ സൂക്ഷിക്കുക. മഴക്കാലത്ത് വാഹന യാത്ര സുരക്ഷിതമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് കണ്ണൂര്‍ ജില്ല റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *