Hivision Channel

സിദ്ദിഖ് കൊലപാതകം;ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫര്‍ഹാനയും ആഷികും ചേര്‍ന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

ഫര്‍ഹാനയുടെ അച്ഛനും സിദ്ദിഖും തമ്മില്‍ പരിചയക്കാരായിരുന്നു. അങ്ങനെയാണ് ഫര്‍ഹാനയും സിദ്ദിഖും തമ്മില്‍ പരിചയപ്പെടുന്നത്. സിദ്ദിഖിനെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കാനാണ് ഫര്‍ഹാന ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. ഷിബിലി കത്തി കരുതിയിരുന്നതും ഇതിനായിരുന്നു. സിദ്ദിഖിനെ നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സിദ്ദിഖ് ഇത് ചെറുക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദിഖിനെ ആഷിക് ചവിട്ടി വീഴ്ത്തി. ഫര്‍ഹാന നല്‍കിയ ചുറ്റിക കൊണ്ടാണ് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുന്നത്.

ഈ മാസം 22 നാണ് മലപ്പുറം തിരുര്‍ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലില്‍ രണ്ട് മുറികള്‍ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പര്‍ നാലില്‍ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരെ ചെന്നൈയില്‍ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന വിവരം ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *