Hivision Channel

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് കസ്റ്റഡിയില്‍

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയില്‍. ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ കെ അബ്രഹാം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഇയാളെ ഇന്നലെ അര്‍ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പൊലീസ് കടന്നത്.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 2016 ല്‍ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
ആറ് വര്‍ഷം മുന്‍പാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഭൂമി പണയം വെച്ച് എണ്‍പതിനായിരത്തോളം രൂപ രാജേന്ദ്രന്‍ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 2019 ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന്‍ അറിയുന്നത്. അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്‍ക്കാന്‍ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് 55 വയസുകാരനായ രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമായിരുന്നു 2016 ലെ ഭരണ സമിതിയുടെ പ്രസിഡന്റ് രാജേന്ദ്രനെ പോലെ മുപ്പതോളം പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2022 ആഗസ്റ്റില്‍ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഈടാക്കാനും ഉത്തരവായി. ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *