
കണ്ണൂര്‍:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃതമദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ കള്ളക്കടത്ത്, വിപണനം എന്നിവ തടയുന്നതിന് പരിശോധന ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് വകുപ്പ്. വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിന് രൂപം കൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തത്.
അസി. എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, സംശയമുള്ള ഇടങ്ങള്‍, സ്‌കൂള്‍ പരിസരം, കടകള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ പൊലീസ്, റവന്യൂ, മറ്റ് വകുപ്പുകള്‍ എന്നിവ ചേര്‍ന്നുള്ള സംയുക്ത സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കാനും യോഗം നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ലാതല ജനകീയ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്താനും നിര്‍ദ്ദേശം ഉയര്‍ന്നു. രണ്ട് മാസം കൂടുമ്പോള്‍ കമ്മിറ്റി ചേരാന്‍ യോഗത്തില്‍ തീരുമാനമായി.
ഈ വര്‍ഷം ആഗസ്റ്റ് വരെ എക്സൈസ് ജില്ലയില്‍ നടത്തിയ റെയ്ഡുകളുടെയും കണ്ടെത്തിയ കേസുകളുടെയും വിവരങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 961 അബ്കാരി കേസുകള്‍ 325 എന്‍ ഡി പി എസ് കേസുകള്‍ 2335 കോട്പ കേസുകള്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസില്‍ 778 പ്രതികളെയും എന്‍ ഡി പി എസ് കേസില്‍ 322 പ്രതികളെയും അറസ്റ്റ് ചെയ്തു. 179 ലിറ്റര്‍ ചാരായം, 15550 ലിറ്റര്‍ വാഷ്, 2864.56 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 859.955 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 66.361 കി ഗ്രാം കഞ്ചാവ്, 216.743 ഗ്രാം എം ഡി എം എ, 378.506 ഗ്രാം മെത്താംഫിറ്റമിന്‍, 2.755 ഗ്രാം ഹാഷിഷ് ഓയില്‍, 315.64 കി ഗ്രാം പുകയില ഉത്പന്നങ്ങള്‍, 1.12 കോടി രൂപ കുഴല്‍പ്പണം എന്നിവ പിടിച്ചെടുത്തു.
എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ്, എ ഇ സി പി സി ഷിബു, ഡെപ്യൂട്ടി മേയര്‍ കെ ഷബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത (തലശ്ശേരി) കെ ശ്രീലത (ഇരിട്ടി), കൗണ്‍സിലര്‍ പി ജയറാം, ചെറുകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ഇ നിര്‍മ്മല, പരിയാരം പഞ്ചായത്ത് അംഗം എം ബാലകൃഷ്ണന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.














