കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ തന്നെയെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികളും. എന്‍എസ്ജി സംഘം കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും സമാനമാണ്. ഇന്നലെ രാത്രിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഫോറെന്‍സിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാന്‍ പൊലീസ് ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്യും.
യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാര്‍ട്ടിന്‍ മൊഴി നല്‍കി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്ന് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. സ്‌ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിന്‍ ബോക്‌സില്‍ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നല്‍കി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.
ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്‌ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും.
സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂര്‍ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിനയാണ് മരിച്ചത്. ബോംബ് സ്‌ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തില്‍ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്.