
കണ്ണൂര്‍:അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ആയി ജോലി ചെയ്യുന്നവര്‍, ദുഷ്‌കരമായ ക്ലീനിങ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, തോല്‍ ഊറക്കിടുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, മാലിന്യം ശേഖരിക്കുന്നവര്‍ എന്നിവരുടെ ആശ്രിതരായിരിക്കണം. ഇ ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ മാതാപിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരാണെന്ന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം പഠിക്കുന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 15നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.














