Hivision Channel

കണ്ണൂര്‍ ഹജ്ജ് ക്യാമ്പ്; ഉദ്ഘാടനം 31ന്

കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്‍ക്കു വേണ്ടിയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമായി. വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ മെയ് 31 മുതല്‍ ഹജ്ജ് ക്യാമ്പ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിനും എഡിഎം കെ നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ പൂര്‍ത്തികരിച്ച പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 31 ന് വൈകിട്ട് നാലു മണിക്ക് നടക്കും. എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 10 വരെ ഒമ്പത് ഫ്ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകും. 3261 ഹാജിമാര്‍ ഇവിടെനിന്നും യാത്ര ചെയ്യും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുക. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ 5.55 നാണ് ആദ്യ സര്‍വീസ് പുറപ്പെടുക.
ഹജ്ജ് ക്യാമ്പിലേക്കാവശ്യമായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവും ആവശ്യത്തിനു മരുന്നും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം, കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മെമ്പറുമായ പി പി മുഹമ്മദ് റാഫി, വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *