Hivision Channel

ജില്ലയിലെ ജലടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തി നിക്ഷേപക സംഗമം

കണ്ണൂര്‍:ടൂറിസം വകുപ്പ് ജില്ലയിലെ അഞ്ചു പുഴകളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികള്‍ / ടെര്‍മിനലുകള്‍, അനുബന്ധ ടൂറിസം പദ്ധതികള്‍, മൂന്ന് സ്പീഡ് ബോട്ടുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും സംരംഭകര്‍ക്ക് അവസരം ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചു .
മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടന്ന നിക്ഷേപ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാകുവാന്‍ മാസങ്ങള്‍ മാത്രം മതിയെന്നും ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതകള്‍ സൃഷ്ടിച്ച് നിരവധിയായ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ ജല ടൂറിസം സാധ്യതകള്‍ നിക്ഷേപകര്‍ക്ക് ഡിടിപിസി പരിപാടിയില്‍ പരിചയപ്പെടുത്തി. പെരുമ്പ (കവ്വായി കായല്‍), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകളിലെ ബോട്ട് ജെട്ടികള്‍/ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകള്‍ ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍, നിബന്ധനകള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തില്‍ വിശദീകരിച്ചു. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷന്‍ ബോട്ടുകളുടെ അടക്കം നടത്തിപ്പ് വിവരങ്ങളും സംഗമത്തില്‍ പങ്കുവെച്ചു.
തുടര്‍ന്ന് നിക്ഷേപകര്‍ ഇത്തരം ടൂറിസം കേന്ദ്രങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടു പോകാന്‍ വേണ്ട സൗകര്യങ്ങള്‍ ഡിടിപിസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിക്ഷേപകര്‍ അവരുടെ ആശയങ്ങളും പരിപാടിയില്‍ പങ്കുവെച്ചു.
അസി കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ പി ഷിജിന്‍, ഡിടിപിസി മാനേജര്‍ എ അരുണ്‍ കൃഷ്ണ, സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി കെ സൂരജ് എന്നിവര്‍ സംസാരിച്ചു .

Leave a Comment

Your email address will not be published. Required fields are marked *