Hivision Channel

വനത്തില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

കോതമംഗലം കുട്ടമ്പുഴയില്‍ വനത്തില്‍ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാര്‍ലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തില്‍ ഇന്നലെ കുടുങ്ങിയത്. വനത്തില്‍ കുടുങ്ങി 14 മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളില്‍ ആറ് കിലോമീറ്റര്‍ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

‘ആന ചുറ്റും ഉണ്ടായിരുന്നു. വഴി അറിയാരുന്നു. ആനയെ കണ്ടപ്പോള്‍ വഴി മാറി പോയതാണ്. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലായിരുന്നു. പശു തിരിച്ചെത്തിയ വിവരം അറിഞ്ഞിരുന്നു. ഇങ്ങോട്ട് വരുമ്പോള്‍ തിരച്ചില്‍ സംഘത്തെ കണ്ടു’ വനത്തില്‍ കുടുങ്ങിയ സംഘത്തില്‍ മായ പറഞ്ഞു. ‘വഴി തെറ്റാതെ പകുതി വരെ വന്നു. ആനയെ മുന്‍പില്‍ കണ്ടതോടെ പിന്നോട്ട് പോയി. അതോടെ വഴി തെറ്റിപ്പോയി. കാട് നല്ല പരിചയമുള്ളയാളാണ്. രാത്രി ഉറങ്ങിയിട്ടില്ല. എഴുന്നേറ്റിരുന്നു പ്രാര്‍ത്ഥിക്കുവാരുന്നു. വലിയ പാറക്കെട്ടിന് മുകളിലായിരുന്നു ഇരുന്നത്. അടുത്തിരിക്കുന്ന ആളെ പോലും മനസിലാകാത്ത കൂരുരിട്ടായിരുന്നു. ചുറ്റും ആനയുണ്ടായിരുന്നെങ്കിലും ആക്രമിച്ചില്ല’ പാറുക്കുട്ടി പറയുന്നു.

ആന ഉണ്ടായിരുന്ന ഭയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡാര്‍ലി പറഞ്ഞു. മൂന്നു പേരും ഒരുമിച്ചാണുണ്ടായിരുന്നതെന്ന് ഡാര്‍ലി പറഞ്ഞു. ഭക്ഷണവും വെള്ളവും ഉണ്ടായില്ല. തിരഞ്ഞ് ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെട്ടം വന്നാല്‍ പുറത്തേക്ക് വരാനാണ് തീരുമാനിച്ചിരുന്നതെന്ന് മായ പറഞ്ഞു.

ആന ഓടിവന്നിരുന്നുവെന്നും രക്ഷപ്പെടാന്‍ ഒരു മരത്തിന്റെ പിന്നിലാണ് ഒളിച്ചിരുന്നതെന്ന് പാറുക്കുട്ടി പറഞ്ഞു. തിരച്ചില്‍ സംഘം പുലര്‍ച്ചെ രണ്ട് മണിക്ക് ഇവരുടെ അടുത്തെത്തിയിരുന്നു. പേര് വിളിച്ചിട്ടും ഇവര്‍ മിണ്ടിയിരുന്നില്ല. നായാട്ട് സംഘമാണെന്ന് കരുതിയിരിക്കുകയായിരുന്നുവെന്ന് തിരച്ചില്‍ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെട്ടം വന്നതോടെ ഇവര്‍ താഴേക്കിറങ്ങി വന്നുവെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *