Hivision Channel

എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്.

തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ പോയതിന് പിറകെയാണ് നടപടി.

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടര്‍ സമാന മൊഴി നല്‍കിയിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബര്‍ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നല്‍കിയ വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചത്.

അതിനിടെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ സംസ്ഥാന പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എഡിഎമ്മിന്റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച്, മറുപടി പറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *