അയ്യപ്പനെ കാണാന്‍ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകള്‍ നടന്നു ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനം ഉടന്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
ഇത്രയും ദൂരം നടന്നുവരുന്ന ഇവര്‍ക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നല്‍കും. പമ്പയില്‍ നിന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവര്‍ക്ക് ആ വഴിയുമാകാം.
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീര്‍ത്ഥാടകര്‍ക്ക് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയില്‍ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലില്‍ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം.
വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏര്‍പ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ടാഗ് നല്‍കേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് പ്രസിഡന്റ് പറഞ്ഞു.