
കാഴ്ച പരിമിതിയുള്ളവര്‍ക്ക് പുത്തന്‍ വായനാനുഭവമൊരുക്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. മലയാളത്തിലെ പത്ത് ക്ലാസിക് കൃതികളുടെ ബ്രെയിലി പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പ്രകാശനം ചെയ്തു. ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പദ്ധതിയെന്നും കാഴ്ച പരിമിതിയുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡുമായി കരാറിലേര്‍പ്പെട്ടാണ് ഒമ്പത് നോവലുകളും ഒരു കവിതാ സമാഹാരവും ഉള്‍പ്പെടുന്ന ബ്രെയിലി പതിപ്പ് പുറത്തിറക്കിയത്. ഖസാക്കിന്റെ ഇതിഹാസം (ഒ. വി വിജയന്‍), നെയ്പ്പായസം (മാധവിക്കുട്ടി), ചെമ്മീന്‍ (തകഴി), പാത്തുമ്മയുടെ ആട് (വൈക്കം മുഹമ്മദ് ബഷീര്‍), കാലം (എം.ടി വാസുദേവന്‍ നായര്‍), മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (എം. മുകുന്ദന്‍), ആയുസ്സിന്റെ പുസ്തകം (സി.വി. ബാലകൃഷ്ണന്‍), ആടുജീവിതം (ബെന്യാമിന്‍), ആരാച്ചാര്‍ (കെ.ആര്‍. മീര) കൂടാതെ, കുമാരനാശാന്‍, വള്ളത്തോള്‍, വയലാര്‍, ഒ.എന്‍.വി, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ പ്രശസ്ത കവിതകള്‍ ഉള്‍പ്പെടുത്തിയ കവിതാ സമാഹാരം എന്നിവയാണ് പുറത്തിറക്കിയത്.
ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് കാഴ്ച പരിമിതര്‍ അംഗങ്ങളായ വായനശാലകളില്‍ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കും. വായിച്ചതിനുശേഷം വീണ്ടും ലൈബ്രറി കൗണ്‍സിലില്‍ എത്തിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. ജില്ലാ പഞ്ചായത്ത് 2023-24 വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,45631 രൂപ ചെലവഴിച്ചാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ട്രെയിനര്‍ കെ.പി അബ്ദുള്ള കാഴ്ചപരിമിതര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസെടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എന്‍.വി ശ്രീജിനി, യു.പി ശോഭ, അഡ്വ.ടി. സരള, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ.നാസര്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ടി.എന്‍ മുരളീധരന്‍, ബ്ലൈന്‍ഡ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.