
കൊച്ചി കടല്‍ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ മുങ്ങിയതിന് പിന്നാലെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെനന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്‌നര്‍ തീരത്ത് എത്തിയേക്കാന്‍ സാധ്യതയുണ്ട്. ഡിഫന്‍സ് പിആര്‍ഒ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളില്‍ കണ്ടെയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പില്‍ മാറ്റമില്ല. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കണ്ടെയ്‌നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ ഓയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.














