Hivision Channel

അതിതീവ്രമഴ തുടരും, 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മഴക്കെടുതിയില്‍ 4 മരണം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലൊ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലവര്‍ഷക്കെടുതിയില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു. ഒഎറണാകുളം തിരുമാറാടിയില്‍ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. നമ്പത്ത് ഇഷ്ടിക തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചെറായിയില്‍ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നും നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. വൈദ്യുതി പലയിടങ്ങളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റെയില്‍വേ ട്രാക്കുകളില്‍ മരം വീണതിനെ തുടര്‍ന്ന് പല ട്രെയിനുകളും ഇപ്പോഴും വൈകിയോടുകയാണ്. ശക്തമായ മഴ അടുത്ത 5 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *