
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. ഒന്നര വരെയാണ് സ്‌കൂളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി വീട്ടിലേക്കൊണ്ടുപോകും. വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം.
രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി ജി ആര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാടേക്ക് എത്തിച്ചത്.














