
ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്ഷേമപെന്‍ഷന്‍ 3000 രൂപ ആക്കും എന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വര്‍ഷം 60000 കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയില്‍പാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയില്‍ പറയുന്നു.
വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം, സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി – പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാന്‍ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്. പൗരത്വ നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് നല്‍കും. പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും. മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എന്നിവ കൂടുതല്‍ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഇടുക്കി, വയനാട്, കാസര്‍കോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകള്‍ തുടരും. ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകളും വാഗ്ദാനത്തിലുള്‍പ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കും.














