Hivision Channel

ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ ഇടപെടലുമായി സുപ്രീംകോടതി;കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ ഇടപെടലുമായി സുപ്രീംകോടതി. സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജീവന് രക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. എല്ലാ ഹര്‍ജികളും ഫയലില്‍ സ്വീകരിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. ഡല്‍ഹി പൊലീസും ഡിഎംആര്‍സിയും റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചു.

കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യം അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി പൊലീസ് കമ്മിഷണറും റിപ്പോര്‍ട്ട് നല്‍കണം. നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ എന്ന് വിശദീകരിക്കണം. ഇന്റര്‍നെറ്റ് നിരോധനം പാടില്ലെന്നും മറ്റന്നാള്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഡല്‍ഹിയില്‍ സ്വതന്ത്ര സഞ്ചാരം പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്നും ഡല്‍ഹിയില്‍ ഉടനീളം ഉള്ള ബാരിക്കേടുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറലിനെ കൂടി കേട്ട ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

അതിനിടെ നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘര്‍ഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ജനാധിപത്യസംരക്ഷണത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കുമായുള്ള പോരാട്ടം തുടരുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *