സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്കിന് ഇന്ത്യയില്‍ 11 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുണ്ട്. വിവിധ ബില്ലുകള്‍ അടയ്ക്കാനും ചെലവുകള്‍ അഭിമുഖീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് ഒരു ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 20 മുതല്‍ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുകയാണെങ്കില്‍ ഒരു ശതമാനം ഫീസ് ഈടാക്കും. ഇതോടെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് പണം ഈടാക്കുന്ന ആദ്യ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി.
നിരവധി പ്ലാറ്റ്ഫോമുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക പേയ്മെന്റ് നടത്താന്‍ അനുവദിക്കുന്നുണ്ട്, ഭൂവുടമയുടെ ആധികാരികത കണ്ടെത്താന്‍ ബാങ്കിന് കഴിയുന്നില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം എടുത്ത് വാടക നല്കുകയാണോ എന്നുള്ളത് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. കാര്‍ഡ് ഉടമകള്‍ അവരുടെ ബന്ധുക്കള്‍ക്കോ ??സുഹൃത്തുക്കള്‍ക്കോ ??പേയ്മെന്റുകള്‍ നല്‍കി അവ പണമാക്കി മാറ്റാന്‍ സാധിക്കും. അങ്ങനെ സേവനത്തിന് ബാങ്കുകള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ ഒഴിവാക്കി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചാര്‍ജുകള്‍ വന്നിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ ഏകദേശം 2.5 മുതല്‍ 3 ശതമാനം വരെ ഫീസ് ഈടാക്കുന്നു.
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ പ്രതിമാസം 12,000 രൂപ വാടക നല്‍കുന്നുവെന്ന് കരുതുക, നിങ്ങള്‍ പണം നല്കാന്‍ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകള്‍/പ്ലാറ്റ്‌ഫോം നിങ്ങളില്‍ നിന്ന് 0.4 ശതമാനം മുതല്‍ 2 ശതമാനം വരെ ഫീസ് ഈടാക്കുന്നു. അപ്പോള്‍ നിങ്ങള്‍ നല്‍കേണ്ട തുക 12120 രൂപയായിരിക്കും. നിങ്ങളുടെ ബില്‍ ജനറേറ്റ് ചെയ്യുമ്പോള്‍, ഇടപാടിന് (12,120 രൂപ) ഐസിഐസിഐ ബാങ്ക് അതിന്റെ 1 ശതമാനം ഫീസ് ഈടാക്കും, ഇതോടെ ഏകദേശം 12,241 രൂപ നിങ്ങള്‍ ആകെ നല്‍കേണ്ടതായി വരും. ഇതിനര്‍ത്ഥം ഒരു ശതമാനം ചാര്‍ജ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം 1,452 രൂപയുടെ അധിക ബാധ്യത വരുത്തും.
വിവിധ ആപ്പുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ വാടക അടയ്ക്കാറുണ്ട്. പേടിഎം പോലുള്ള മൂന്നാം കക്ഷി ആപ്പുകള്‍ വഴി . ഉപയോക്താക്കള്‍ക്ക് പയ്‌മെന്റ്‌റ് നടത്താം. അതിനായി ചെയ്യേണ്ടത് ഈ പ്ലാറ്റ്ഫോമില്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുക, തുടര്‍ന്ന് വാടക നല്‍കാനുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് പോലുള്ള വിശദാംശങ്ങള്‍ പൂരിപ്പിക്കുക. അല്ലെങ്കില്‍ വടക്കാരുടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) യുപിഐ ഐഡി നല്‍കിയ ശേഷം പേയ്‌മെന്റ് നടത്തുക.