
ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിലേക്കുള്ള ജില്ലാ പഞ്ചായത്ത് നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. മൂന്ന്, നാല് നിലകളിലേക്കായി 68 പ്രത്യേക സജ്ജീകരണമുള്ള ബെഡുകളാണ് കൈമാറിയത്. ഇതിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇതോടെ പുരുഷന്മാരുടെ മെഡിക്കല്‍, സര്‍ജിക്കല്‍ വാര്‍ഡുകള്‍ പുതിയ കെട്ടിടത്തിലേക്ക് ഒക്ടോബര്‍ 19ന് മാറ്റും. പഴയകെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. അഞ്ചു നിലകളിലായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ 99 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ, ബിഎസ്എന്‍എല്‍ എന്‍ജിനിയര്‍ മനോജ്, ആശുപത്രി നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














