
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സംസ്ഥാന തല സമാപനവും അതിഥിത്തൊഴിലാളികളുടെ ലഹരിവിരുദ്ധ മഹാറാലിയും നാളെ തിരുവനന്തപുരത്ത് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ റാലിയുടെ ഫ്ളാഗ് ഓഫ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ വിളംബര റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ നായനാര്‍ പാര്‍ക്കില്‍ സമാപിക്കും. കവച് ലഹരിവിരുദ്ധ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനവും അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാസംഗമവും ഉച്ചക്ക് 12ന് പുത്തരിക്കണ്ടം ഇ.കെ നായനാര്‍ പാര്‍ക്കില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഇതോടെ ഒക്ടോബര്‍ 15 മുതല്‍ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടന്നുവരുന്ന കവച് ലഹരിവിരുദ്ധ പരിപാടിക്ക് സമാപനമാകും.














