
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന മൂന്നു പ്രദേശങ്ങള്‍ നവംബര്‍ 11ന് വെള്ളിയാഴ്ച എം വിജിന്‍ എംഎല്‍എയും ദേശീയപാത ഉദ്യോഗസ്ഥരും സന്ദര്‍ശിക്കും. കല്യാശ്ശേരി, പിലാത്തറ, എടാട്ട് എന്നീ പ്രദേശങ്ങളാണ് സന്ദര്‍ശിക്കുക. ദേശീയപാത വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എം വിജിന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാവിലെ 10ന് എടാട്ട്, 11ന് പിലാത്തറ, 12ന് കല്യാശ്ശേരി എന്നിവിടങ്ങളിലാണ് സന്ദര്‍ശിക്കുക. കല്യാശ്ശേരി മുതല്‍ മാങ്ങാട് വരെയും പിലാത്തറ, എടാട്ട് പരിസരങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തു. കല്യാശ്ശേരിയില്‍ അഞ്ചിലധികം പോക്കറ്റ് റോഡുകള്‍ നഷ്ടപ്പെടാനും പ്രദേശവാസികള്‍ക്കും സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രാപ്രശ്നം നേരിടാനുമുള്ള സാധ്യതകള്‍ എം വിജിന്‍ എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കല്യാശ്ശേരി പോളിക്ക് സമീപത്തെ കള്‍വര്‍ട്ട് നാലു മീറ്ററായി ഉയര്‍ത്തണമെന്നും കല്യാശ്ശേരി വില്ലേജ് ഓഫീസ് മുതല്‍ മാങ്ങാട് പഴയ രജിസ്റ്റര്‍ ഓഫീസ് റോഡ് വരെയുള്ള പഞ്ചായത്ത് റോഡില്‍ നിന്നും ദേശീയ പാതയിലെ സര്‍വ്വീസ് റോഡില്‍ കയറാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പിലാത്തറ ബസ് സ്റ്റാന്റ് പ്രദേശത്ത് ഫ്ളൈ ഓവര്‍, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എടാട്ട് പ്രദേശത്ത് അടിപ്പാത എന്നിവയുടെ സാധ്യതകള്‍ പരിഗണിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ദേശീയപാതയുടെ ഇരുഭാഗങ്ങളിലെയും വീടുകളില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനു പുതിയ പൈപ്പ് ലൈനുകള്‍ ഉടന്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ടി ബാലകൃഷ്ണന്‍ (കല്യാശ്ശേരി), പി ഗോവിന്ദന്‍ (ഏഴോം), എ പ്രാര്‍ഥന (കുഞ്ഞിമംഗലം), ചെറുതാഴം പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി ഉണ്ണികൃഷ്ണന്‍, നാഷണല്‍ ഹൈവേ ലാന്‍ഡ് അക്വസിഷന്‍ തളിപ്പറമ്പ് ഡെപ്യൂട്ടി കലക്ടര്‍ നിര്‍മല്‍ റിത, ദേശീയപാതാ അതോറിറ്റി എഞ്ചിനീയര്‍ പി സുശാന്ത്, ലെയ്സണ്‍ ഓഫീസര്‍ കെ വി അബ്ദുള്ള, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.














