Hivision Channel

കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടം; ജില്ലാതല ഉദ്ഘാടനം 15ന്

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടത്തിലേക്ക്. ജില്ലാതല ഉദ്ഘാടനം നവംബര്‍ 15ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിക്കും.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണ് വാക്‌സിനേറ്റര്‍മാര്‍ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുക. നാലു മാസത്തിന് മുകളില്‍ പ്രായമുള്ള മൃഗങ്ങള്‍ക്കാണ് കുത്തിവെപ്പ്. ജില്ലയിലെ 91706 പശുക്കളെയും 2449 എരുമ/പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. ഇതിനായി കര്‍ഷകരില്‍ നിന്ന് ഫീസ് ഈടാക്കില്ല. കുത്തിവെപ്പ് എടുത്താല്‍ പനി, പാല്‍ കുറയുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിര്‍ബന്ധമാണ്. പ്രതിരോധ കുത്തിവെപ്പ് മൂലം അപകടങ്ങള്‍ സംഭവിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. കുത്തിവെപ്പ് എടുക്കാന്‍ അനുവദിക്കാത്ത കര്‍ഷകരുടെ വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
2030നകം ഇന്ത്യയെ കുളമ്പുരോഗ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാല്‍, മാംസം എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയായ ഗോരക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ കുളമ്പുരോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *