കണ്ണൂര്‍:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021 -22 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും ബി ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍, കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുകളുടെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബര്‍ 30നകം അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.














