കണ്ണൂര്‍:സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വീട്ടില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ. സ്‌പെഷ്യല്‍ ക്ലാസ്, ട്യൂഷന്‍ എന്നിവക്ക് കണ്‍സെഷന്‍ അനുവദിക്കില്ല.
നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ.സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്‌നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത, ഫുള്‍ടൈം കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കണ്‍സെഷന്‍ അനുവദിക്കൂ. കണ്‍സെഷന്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ അനുവദിക്കൂ.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആര്‍ ടി ഒ/ജോയിന്റ് ആര്‍ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കണ്‍സെഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റ് 30 മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ആര്‍ടിഒ അറിയിച്ചു.














