Hivision Channel

നവംബര്‍ 30 കേരളവര്‍മ്മ പഴശിരാജ ഓര്‍മ്മ ദിനം

വൈദേശികാധിപത്യ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീരനായകന്‍ കേരളവര്‍മ്മ പഴശിരാജ രക്തസാക്ഷിയായിട്ട് നവംബര്‍ 30 ന് 217 വര്‍ഷം തികയുന്നു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ലോകവ്യാപകമായി പടരുന്ന ഈ സന്ദര്‍ഭത്തില്‍ പഴശിയുടെ പ്രസ്‌ക്തി വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോട്ടയം കോവിലകത്ത് പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്യത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്. ഗറില്ലാതന്ത്രങ്ങളിലുടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശിരാജയുടെ സമരം തന്നെയാണ് കൊച്ചിയില്‍ പാലിയത്തച്ചനെയും തിരുവിതാംകൂറില്‍ വേലുത്തമ്പിയെയും ബ്രിട്ടനെതിരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കാലൊച്ചകള്‍ കേട്ട നാളുകളിലാണ് പഴശിരാജാവിന്റെ ജീവിതകാലം. ഇന്ത്യയില്‍ നിന്ന് വിഭവങ്ങള്‍ കടത്തിയും, ഉയര്‍ന്ന തോതില്‍ നികുതി പിരിച്ചും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നെ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആധിപത്യത്തിന്റെ പരവതാനി വിരിച്ചു. ജന്മിമാരുടെ കൊടിയ ചൂഷണം കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു. എങ്ങും പട്ടിണിയും പരിവട്ടവും. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രീതികളിലൂടെ മനുഷ്യരുധിരം വീണ് മണ്ണ് കുതിര്‍ന്നു. എന്നിട്ടും നാട്ടുരാജാക്കന്മാര്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവരുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും എന്നും ചരിത്രം സൃഷ്ടിച്ചത് ജനങ്ങളായിരുന്നു.ഹൈദരാലിയുടെയും ടിപ്പുവിന്റെയും ജൈത്ര യാത്രയ്ക്കിടയില്‍ കോട്ടയം രാജാക്കന്മാര്‍ കുടുംബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവര്‍മ പഴശ്ശിരാജ ജനങ്ങളുടെ രാജാവായി അന്നും ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്. പഴശിരാജയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര പരിസരത്ത് പഴശ്ശി സ്മാരകവും മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ സ്മൃതി മന്ദിരം നിര്‍മ്മിച്ചിട്ടുണ്ട്.ഇതിനും പുറമെ പഴശ്ശി കോവിലകം ചരിത്ര സ്മാരകമാക്കുവാന്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുക പഴശ്ശി കോവിലകം പൊളിച്ചു നീക്കുകയുമാണ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *