Hivision Channel

ഇന്ന് ചേരാനിരുന്ന ബഫര്‍സോണ്‍ വിദഗ്ധസമിതി യോഗം മാറ്റിവെച്ചു

ഇന്ന് ചേരാനിരുന്ന ബഫര്‍സോണ്‍ വിദഗ്ധസമിതി യോഗം മാറ്റിവെച്ചു. 20 ന് യോഗം ചേര്‍ന്ന് സാറ്റലൈറ്റ് സര്‍വയെക്കുറിച്ചുള്ള പരാതികളില്‍ ഫീല്‍ഡ് സര്‍വേ നടത്താനുള്ള തീരുമാനം എടുക്കും. ഇന്നും 20 നും യോഗം ചേരാനായിരുന്നു മുന്‍ തീരുമാനം. പരാതി കേള്‍ക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. പരാതികളുടെ കണക്ക് എടുത്ത ശേഷം പരിശോധനയില്‍ തീരുമാനമെടുക്കാം എന്നത് കൊണ്ടാണ് യോഗം 20 ന് മാത്രം ചേരുന്നത്. വനംവകുപ്പും തദ്ദേശവകുപ്പും കുടുംബശ്രീയുടെ സഹായത്തോടെയാണ് പരാതികളില്‍ ഫീല്‍ഡ് സര്‍വേ നടത്തുക.

ബഫര്‍ സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരമാവധി സ്ഥലങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകളില്‍ പരാതി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കും. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ജനവാസമേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവില്‍ ഇളവ് നേടാനാണ് സംസ്ഥാനം ആകാശസര്‍വേ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ സര്‍ക്കാരിന് ലഭിച്ചു. അപാകതകള്‍ ഏറെ ഉണ്ടെന്ന് ബോധ്യമായതോടെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ വിഗ്ധധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.

എന്നാല്‍ സെപ്റ്റംബറില്‍ വിധഗ്ധ സമിതി നിലവില്‍ വന്നെങ്കിലും പ്രവര്‍ത്തനം പേരിനു മാത്രമായി. ഒരു ഓഫീസ് പോലും തുറന്നതുമില്ല. ചുരുക്കത്തില്‍ മൂന്നു മാസത്തോളമായിട്ടും ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന 115 വില്ലേജുകളില്‍ ഒരിടത്ത് പോലും സമിതി നേരിട്ടെത്തിയില്ല. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആകാശ സര്‍വേയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ പത്ത് ദിവസം സമയവും സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ സര്‍വത്ര ആശയക്കുഴപ്പം നിറഞ്ഞ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തിലാണ് ബഫര്‍ സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വില്ലേജുകളില്‍ ഉടന്‍ സ്ഥല പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *