Hivision Channel

പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ മാനസികാരോഗ്യകേന്ദ്രം തുടങ്ങും; മന്ത്രി വീണാ ജോര്‍ജ്

പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ ഐ പി ബ്ലോക്കിന് മുകളില്‍ പുതുതായി നിര്‍മ്മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കേരളത്തില്‍, ആയുര്‍വേദ മാനസികാരോഗ്യ ചികിത്സക്കായി കോട്ടക്കല്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്.
കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കുന്നതിനായി ആയുര്‍വേദ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. ആയുഷിന്റെ കീഴിലുള്ള 520 ആയുര്‍വേദ കേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആക്കി ഉയര്‍ത്തും. ആയുര്‍വേദ കോളേജില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള യു ജി അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കാനുള്ള ആവശ്യം പരിഗണിച്ച് അതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.
നാഷണല്‍ ആയുഷ് മിഷന്റെ 1.92 കോടി രൂപ ചെലവഴിച്ചാണ് പേവാര്‍ഡ് നിര്‍മ്മിച്ചത്. അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയ 21 മുറികളും, ഒരു വി ഐ പി മുറിയും രണ്ട് തെറാപ്പി മുറികളും ഒരു ഡോക്ടറുടെ മുറിയും രണ്ട് നഴ്സസുമാരുടെ മുറികളുമാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്.
എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. കെ സി സി പി എല്‍ ചെയര്‍മാന്‍ ടിവി രാജേഷ്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലജ ടി, ജില്ലാ പഞ്ചായത്തംഗം തമ്പാന്‍ മാസ്റ്റര്‍, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തംഗം സി ഐ വത്സല ടീച്ചര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. ഗോപകുമാര്‍ എസ്, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു സി, ആശുപത്രി വികസന സൊസൈറ്റി അംഗം സന്തോഷ് സി ബി കെ തുടങ്ങിയവര്‍ പങ്കെടുത്തു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ തിരുമംഗലത്തിനെ ചടങ്ങില്‍ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *