
ഇ പോസ് മെഷീന്റെ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് കേരളത്തിലെ റേഷന്‍ കടകള്‍ അടച്ചിട്ട പ്രശ്‌നത്തിന് ശനിയാഴ്ചയോടെ പരിഹാരമാകുമെന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കിടപ്പ് രോഗികളുടെ റേഷന്‍ വിഹിതം വീടുകളില്‍ എത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
സെര്‍വര്‍ തകരാറ് പരിഹരിക്കാനാണ് റേഷന്‍ കടകള്‍ അടച്ചിട്ടത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് സെര്‍വറിന്റെ സാങ്കേതിക മേല്‍നോട്ട ചുമതലതെന്നും മന്ത്രി പറഞ്ഞു. വിശന്നിരിക്കുന്ന ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയം. കേരളത്തില്‍ 64,004 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുകയാണ് ഇപ്പോള്‍. ഇതില്‍ 5,219 കുടുംബങ്ങള്‍ക്ക് അന്ത്യോദയ അന്നയോജന കാര്‍ഡ് നല്‍കുകയും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ലൈഫ് ഭവന പദ്ധതിയില്‍ ഇവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. രണ്ട് വര്‍ഷത്തിനിടെ അര്‍ഹതപ്പെട്ട 3,52,180 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കി. ഇതില്‍ 300430 പേര്‍ക്കും മുന്‍ഗണന കാര്‍ഡാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കുന്നത്. അവശത കാരണം റേഷന്‍ കടകളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കാണ് സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികള്‍ മുഖേന റേഷന്‍ വിഹിതം വീടുകളില്‍ എത്തിച്ച് നല്‍കുക. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പ്രയാസം നേരിടുന്ന 60 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഒരുമ സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെയാണ് ചിറക്കരയില്‍ ഹോട്ടല്‍ ആരംഭിച്ചത്. ഇതിനായി ഭക്ഷ്യ വകുപ്പ് നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് രൂപ സബ്‌സിഡിയോടെ 20 രൂപക്കാണ് ഇവിടെ ഊണ് ലഭിക്കുക. ഭക്ഷണത്തിന് പണമില്ലാതെ പ്രയാസം നേരിടുന്നവര്‍ക്ക് ഊണ് സൗജന്യമാണ്.
ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. മികച്ച നിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ഏവര്‍ക്കും സമീപിക്കാവുന്ന ഇടമായി റേഷന്‍ കടകള്‍ മാറിയെന്നും സ്പീക്കര്‍ പറഞ്ഞു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, കൗണ്‍സിലര്‍ കെ ഭാര്‍ഗവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത് കുമാര്‍, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് മധുസൂദനന്‍, ഒരുമ സ്വയം സഹായ സംഘം സെക്രട്ടറി എ വി രാജീവ്, രാഷ്ട്രീയ പാര്‍ട്ടി, തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














