
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് വേദിയില്‍ എല്ലാ വകുപ്പുകളുടെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അദാലത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ കൗണ്ടറുകളില്‍ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വകുപ്പ് മേധാവികളും അദാലത്തില്‍ പൂര്‍ണസമയം പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു. അദാലത്ത് ദിവസം പുതിയ പരാതികളും സ്വീകരിക്കും. ഇതിനുള്ള ക്രമീകരണങ്ങളും വകുപ്പുകളുടെ കൗണ്ടറുകളില്‍ ഉണ്ടാകണം.
മെയ് രണ്ടിന് കണ്ണൂര്‍ താലൂക്കിലാണ് ജില്ലയിലെ ആദ്യ അദാലത്ത്, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. തലശ്ശേരി-മെയ് നാല് ഗവ. ബ്രണ്ണന്‍ ഹൈസ്‌ക്കൂള്‍ തലശ്ശേരി, തളിപ്പറമ്പ്-മെയ് ആറ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ട്, പയ്യന്നൂര്‍-മെയ് എട്ട് ബോയ്‌സ് ഹൈസ്‌കൂള്‍ പയ്യന്നൂര്‍, ഇരിട്ടി-മെയ് ഒമ്പത് ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി എന്നിവിടങ്ങളിലാണ് മറ്റ് അദാലത്തുകള്‍. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് അദാലത്തുകളെന്ന് ഉറപ്പുവരുത്തണം. ഹരിത കര്‍മസേനക്കാണ് ഇതിന്റെ ചുമതല. എല്ലാ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. എഡിഎം കെ കെ ദിവാകരന്‍, കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കൈടുത്തു.














