
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ അദാലത്തുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യാനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പര ധാരണയുണ്ടെങ്കില്‍ ജനങ്ങളുടെ പരാതികള്‍ തന്നെ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തില്‍ ഓരോ വകുപ്പും സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പരസ്പരം വാദിക്കരുത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ വകുപ്പുകള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം. പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണം. ഓരോ വകുപ്പിലും പുതിയ ഉദ്യോഗസ്ഥര്‍ ചാര്ജെടുക്കമ്പോള് അതുവരെയുള്ള കാര്യങ്ങള്‍ പഠിക്കണം. ഒരു വകുപ്പിന് കിട്ടിയ പരാതി മറ്റൊരു വകുപ്പിന് കൈമാറുമ്പോള്‍ കൈമാറിക്കിട്ടിയ വകുപ്പ് അതില്‍ എന്തുചെയ്തുവെന്ന തുടര്‍അന്വേഷണം കൂടി നടത്തണം. ആഗസ്റ്റ് 15ന് മുമ്പായി അവശേഷിക്കുന്ന പരാതികളും തീര്‍പ്പാക്കാന്‍ കഴിയണം. സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ട് മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അദാലത്ത് നടക്കും. പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനൊപ്പം ഓരോ വകുപ്പിനും ചെയ്യാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍, എന്തൊക്കെ തടസ്സങ്ങള്‍ പരിഹരിക്കണം എന്നിവ കൂടി അതിലേക്കായി സമര്‍പ്പിക്കണം. അവലോകന യോഗത്തില്‍ ഹാജരാവാതെ അവഗണിച്ച വകുപ്പുകള്ള്ക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
താലൂക്ക്തല അദാലത്തുകളില്‍ ജില്ലയില്‍ ഓണ്‍ലൈനായും നേരിട്ടും ആകെ 5141 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 1836 പരാതികള്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചു. ആകെ 3305 പരാതികളാണ് മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തിന്റെ തുടര്‍നടപടികള്‍ക്കായി പരിഗണിച്ചത്്. ഇതില്‍ ആകെ 1565 പരാതികള്‍ അദാലത്തില്വെച്ചും തുടര്‍നടപടികളുടെ ഭാഗമായും തീര്‍പ്പാക്കി. 1740 പരാതികള്‍ വിവിധ വകുപ്പുകളുടേതായി തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. ഇതില്‍ 54 പരാതികള്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടവയാണ്. ഇരിട്ടി താലൂക്കില്‍ 31, കണ്ണൂര്‍ താലൂക്കില്‍ എട്ട്, തലശ്ശേരി താലൂക്കില്‍ ഏഴ്, പയ്യന്നൂര്‍ താലൂക്കില്‍ ഏഴ്, തളിപ്പറമ്പ് താലൂക്കില്‍ ഒന്ന് പരാതികളാണ് സര്‍ക്കാറിന്റെ തീരുമാനത്തിന് സമര്‍പ്പിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണന്, പി പ്രസാദ് എന്നിവര്‍ പങ്കെടുത്താണ് അഞ്ച് താലൂക്കുകളിലും അദാലത്തുകള്‍ നടത്തിയത്.
കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ കെ ദിവാകരന്, ജില്ലാ തല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














