
സര്‍ക്കാരിന്റെ കൂടെ ജനങ്ങള്‍ കൂടി ചേര്‍ന്നാലേ ലൈഫ് ഭവനപദ്ധതി ഒരു ജനകീയ പ്രസ്ഥാനമായി മാറുകയുള്ളൂവെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എം സി എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ്മിഷന്‍ വീടുകളുടെ താക്കോല്‍ ദാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളും ജനങ്ങളാകെതന്നെയും ലൈഫ്മിഷന്‍ പദ്ധതിയുമായി സഹകരിക്കണം. വ്യക്തി ശുചിത്വകാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും പരിസര ശുചിത്വത്തില്‍ പിറകിലാണ് മലയാളി സമൂഹം. മാലിന്യ സംസ്‌കരണത്തില്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കണം. അവര്‍ക്കാവശ്യമായ യൂസേഴ്സ് ഫീ നല്‍കണമെന്നും സ്പീക്കര്‍ പറഞ്ഞു. ആറ് കുടുംബങ്ങള്‍ക്കുള്ള ലൈഫ്മിഷന്‍ വീടുകളുടെ താക്കോല്‍ദാനവും സ്പീക്കര്‍ നിര്‍വഹിച്ചു. 145 ചതുരശ്ര മീറ്ററില്‍ 30 ലക്ഷം രൂപ ചെലവിലാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി കെട്ടിടം നിര്‍മ്മിച്ചത്.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അര്‍ജുന്‍ പവിത്രന്‍, പഞ്ചായത്തംഗം ടി എ ഷര്‍മി രാജ്, പഞ്ചായത്ത് സെക്രട്ടറി കെ എ ലസിത, മറ്റ് ജനപ്രതിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














