Hivision Channel

നവകേരളസദസ്സിനെ ജനങ്ങള്‍ നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സിനെ നെഞ്ചേറ്റിയ ജനങ്ങള്‍ വലിയൊരു പ്രവാഹമായാണ് ഓരോ സദസ്സിലേക്കും എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത് പാനൂര്‍ വാഗ്ഭടാനന്ദ നഗറില്‍ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ്സ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവര്‍ നല്‍കുന്ന സന്ദേശം കൂടുതല്‍ കരുത്താണ് സര്‍ക്കാറിന് നല്‍കുന്നത്.
ഏത് നല്ല കാര്യവും ഇവിടെ നടക്കാന്‍ പാടില്ലെന്നാണ് യുഡിഎഫിന്റെ നിര്‍ബന്ധം. ഏത് കാര്യവും ബഹിഷ്‌ക്കരിക്കുന്നു. ബഹിഷ്‌ക്കരണം ഏതിനാണ്, എന്തിനാണ്? ലോകമലയാളിക്ക് നാടിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ അഭിപ്രായം പറയാനായി നടത്തിയ ലോകകേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഈ ബഹിഷ്‌കരണം തുടരുകയാണ്. നാടിന്റെ ജനവികാരമാണ് ഇവിടെ കാണുന്നത്.
നമ്മുടെ നാടിനെ അര്‍ഹതപ്പെട്ടത് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ അരയക്ഷരം സംസാരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞോ? കോവിഡ് നേരിടുന്ന ഘട്ടത്തില്‍ ജീവനക്കാരോട് ഒരു വായ്പ ചോദിച്ചു. ശമ്പളത്തിന്റെ ഒരു ഭാഗം വായ്പയായി നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായി. എന്നാല്‍, പ്രതിപക്ഷം സാലറി ചലഞ്ചില്‍ പങ്കുവഹിക്കില്ലെന്ന് തീരുമാനിച്ചു. ദുരന്തഘട്ടത്തില്‍ വിതരണം ചെയ്ത അരിയുടെ വിലയടക്കം കേന്ദ്രം ചോദിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
2021ന് ശേഷം എല്ലാ കാര്യത്തിലും ഉടക്കിടുന്നതിനാണ് കേന്ദ്രത്തിന് താല്‍പര്യം. നമ്മുടെ നാടിനെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട 800 കോടിയിലധികം കേന്ദ്രസര്‍ക്കാറില്‍നിന്ന് കുടിശ്ശികയാണ്. 250 കോടി രൂപ അനുവദിച്ചുവെന്ന് വാര്‍ത്ത കണ്ടു. പക്ഷേ, 550 കോടിയലധികം കുടിശ്ശികയാണ്. ആ സമീപനത്തിന് വഴങ്ങി, വിധേയമായി ഒന്നും ചെയ്യാതിരിക്കാന്‍ നമുക്ക് കഴിയില്ല. ഏത് പ്രതിസന്ധി നേരിട്ടാലും നമുക്ക് മുന്നോട്ടുപോയേ മതിയാവൂ.
ഓരോ കാര്യവും ശരിയായ രീതിയില്‍ നിര്‍വഹിക്കാനായത് ജനങ്ങള്‍, നാടാകെ നല്‍കി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരുക്ഷമായ കാലവര്‍ഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകര്‍ന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി കേരളം. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തില്‍ സംസ്ഥാനത്തിന് മതിയായ സഹായം, പിന്തുണ കേന്ദ്രസര്‍ക്കാറില്‍നിന്ന് ലഭിക്കണം. അത് കേന്ദ്ര സര്‍ക്കാറിന്റെ ബാധ്യതയാണ്. ഈ ഒരു ഘട്ടത്തിലും കേരളത്തിന് സാധാരണ ഗതിയില്‍ അര്‍ഹമായ പിന്തുണ കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിച്ചില്ല. ഇത് ജനാധിപത്യ സംവിധാനത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. നമ്മുടെ ജനങ്ങള്‍ ഐക്യത്തോടെ പിന്തുണച്ചതിനാലാണ് തകര്‍ന്നടിഞ്ഞുപോകുമെന്ന് കരുതിയ നാട് തിരിച്ചുവരുന്നത് രാജ്യവും ലോകവും കണ്ടത്. കേരളം ഇത്തരം കാര്യങ്ങളെ നേരിടുന്നതില്‍ മാതൃകയാണെന്ന് ലോകം വിലയിരുത്തി. ജനങ്ങളുടെ ഒരുമയും ഐക്യവും കൊണ്ടാണ് കേരളം അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുന്‍ എം പിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ്, മുന്‍ എംഎല്‍എ പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല, കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ വി സുജാത ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാജീവന്‍ (കോട്ടയം), എന്‍ വി ഷിനിജ (പാട്യം), പി വല്‍സന്‍ (മൊകേരി), കെ ലത (കുന്നോത്തുപറമ്പ്) തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എ എന്‍ ശ്രീലാകുമാരി സ്വാഗതം പറഞ്ഞു. വന്‍ജനാവലിയാണ് പാനൂര്‍ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കാനായി 18 കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *