
കേരളത്തിലേത് ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരാണെന്നും 25 വര്‍ഷത്തെ വികസന കാഴ്ച്ചപ്പാടുമായാണ് മുന്നോട്ടു പോകുന്നതെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഭിമാനകരമായ ഒത്തിരി നേട്ടങ്ങള്‍ നമുക്കുണ്ടാക്കാനായി. ഇനിയും ഏറെ മുന്നേറാനുണ്ട്. അതില്‍ ജനങ്ങളുടെ അഭിപ്രായവും നിര്‍ദേശവും അറിയാനാണ് നവകേരള സദസ്സുകള്‍ നടത്തുന്നത്. ക്ഷേമ പ്രവര്‍ത്തനം മാത്രം നടത്തുന്ന സര്‍ക്കാരെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരം പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ഏഴര വര്‍ഷക്കാലം അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിപ്പിച്ചു. അസാധ്യമെന്ന് പറഞ്ഞ പലതും സാധ്യമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ധാനങ്ങള്‍ മറക്കാനുള്ളതല്ല, നടപ്പാക്കാനുള്ളതാണെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചെന്നും മന്ത്രി പറഞ്ഞു.














