
ബിസിനസ് അന്തരീക്ഷത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്ക് ചെയ്യുന്നതിനുള്ള ലോകബാങ്ക് സംരംഭമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ കേരളത്തെ 15ാം റാങ്കിലേക്ക് എത്തിക്കാനായെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ 28ാം റാങ്കിലുണ്ടായിരുന്നതാണ് മെച്ചപ്പെടുത്തി 15 റാങ്കിലേക്ക് ഉയര്‍ത്താനായത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കഴിഞ്ഞ സംരംഭക വര്‍ഷത്തില്‍ 1.44 ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനായി. തൊഴിലാളികള്‍ക്ക് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്. കേരളത്തില്‍ 764 രൂപയാണ് ശരാശരി കൂലി. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ മൂന്നിരട്ടിയിലധികം കൂടുതലാണ് കൂലി വര്‍ധനവ്. സമഗ്രമേഖലയിലും കുതിച്ചു ചാട്ടമാണ് കേരളത്തിലുണ്ടാകുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നു. യൂണിവേഴ്‌സിറ്റികളുടെ വികസനത്തിന് മാത്രം 245 കോടി രൂപയാണ് മാറ്റിവെക്കുന്നത്. സര്‍വകലാശാലകള്‍ ഉന്നത നിലവാരത്തിലേക്ക് മാറുകയാണ്. വ്യവസായ മേഖലയിലും കേരളം ആകര്‍ഷിക്കുന്നു. ഡിസംബറോടെ കേരളത്തില്‍ 30 ഓളം വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകും. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചു. സയന്‍സ് പാര്‍ക്കുകളുടെ പ്രവര്‍ത്തനം കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു. അവയവ മാറ്റത്തിന് വേണ്ടി മാത്രം കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ പോവുകയാണെന്നും പി രാജീവ് പറഞ്ഞു.














