Hivision Channel

വംശീയ ജനാധിപത്യ രൂപീകരണ ശ്രമങ്ങളെ ചെറുക്കണം; നിയമസഭാ സ്പീക്കര്‍

രാജ്യത്ത് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആ ഭരണഘടന മാറ്റി എഴുതാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളെയും ഉള്‍കൊള്ളുന്നവരാണ്. എന്നാല്‍ ഭൂരിപക്ഷത്തിനകത്തെ ചെറു ന്യൂനപക്ഷമാണ് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ശക്തിയില്‍ ഭരണഘടന മാറ്റം വരുത്തിയേക്കാം എന്ന് മുന്‍കൂട്ടി കണ്ടാണ് ഭരണഘടനയുടെ അടിസ്ഥാന ശിലയില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഭരണഘടനാ ശില്പികള്‍ എഴുതിച്ചേര്‍ത്തത്. ആ ശക്തിയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. എല്ലാ മതത്തെയും ഉള്‍ക്കൊള്ളുന്ന ഭരണഘടനയുള്ളപ്പോള്‍ ഒരു രാഷ്ട്രത്തെ മതരാഷ്ട്രമാക്കാന്‍ കഴിയില്ല. ഈ രാജ്യത്തിന് പൂര്‍ണമായും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള അരക്ഷിതത്വ ബോധപ്രചാരണം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. അത് മാറണം. എല്ലാ മതവിഭാഗങ്ങളും നടത്തിയ യോജിച്ച പ്രക്ഷോഭത്തിലൂടെയാണ് രാജ്യം സ്വതന്ത്രമായത്. എന്നാല്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ വക്രീകരിച്ച് ചരിത്രത്തെ മാറ്റാനുള്ള ശ്രമവും നടക്കുന്നു. ഇത് തിരിച്ചറിയണം സ്പീക്കര്‍ പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്. രണ്ടിനെയും പൂര്‍ണമായി തള്ളിക്കളയാന്‍ നമുക്ക് സാധിക്കണം. ഏതു മതവിഭാഗമായാലും സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ കണ്ടാല്‍ എതിര്‍ക്കണം. സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ച ഡോ.ഷഹനയെ പറ്റി കേരളത്തിലെ മതപണ്ഡിതര്‍ മൗനം പാലിച്ചത് കുറ്റകരമാണ്. സ്ത്രീധനം ഇസ്ലാം വിരുദ്ധമാണെന്നോര്‍ക്കണം. ജനാധിപത്യ സംവിധാനത്തില്‍ ചര്‍ച്ചയാകേണ്ടത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണെന്നും ഇന്ന് രാജ്യത്ത് നടക്കുന്നത് അതല്ലെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *