
രാജ്ഭവന്റെ സിആര്‍പിഎഫ് സുരക്ഷയില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രം. സിആര്‍പിഎഫിനെ നിയമിച്ചുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് ഇതു വരെ ലഭിച്ചിട്ടില്ല. രാജ് ഭവന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചത്. സിആര്‍പിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കണം. ഇതിന് ശേഷം കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേരും. ഇതെല്ലാം കേന്ദ്ര ഉത്തരവ് ലഭിച്ചതിന് ശേഷമാകും. ഗവര്‍ണറുടെ സുരക്ഷയുടെ പ്രാഥമിക ചുമതലയില്‍ കേരള പൊലീസ് തുടരാനാണ് സാധ്യത. അതായത് കേരള പൊലിസിനെ പൂര്‍ണമായും ഒഴിവാക്കാതെയാവും സിആര്‍പിഎഫ് സുരക്ഷയൊരുക്കുക.
നിലമേലിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലമേലിലെ അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണറെ വിളിച്ചിരുന്നു. ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോര് അത്യസാധാരണ നിലയിലേക്ക് മാറിയതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍. കൊട്ടാരക്കരയിലെ ഒരു പരിപാടിക്ക് പോയ ഗവര്‍ണ്ണര്‍ക്കെതിരെ നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് നാടകീയ സംഭവ പരമ്പരകളുടെ തുടക്കം. കാറിന് മുകളിലേക്ക് പ്രവര്‍ത്തകര്‍ ഇടിച്ചുവെന്നായിരുന്നു ഗവര്‍ണ്ണറുടെ ആറോപണം. റോഡിന് വശക്കെ കടക്ക് മുന്നില്‍ കസേരയിട്ട് കുത്തിയിരുന്ന് ആരിഫ് മുഹമ്മദ് ഖാന് പ്രതിഷേധിച്ചു. പൊലീസുകാരെ ശകാരിച്ചു. അനുനയത്തിന് വിളിച്ച ഡിജിപിയോടും ക്രുദ്ധനായി പെരുമാറി.
കസേരയിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ ഗവര്‍ണ്ണര്‍ സംഭവങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ അറിയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ ഇട്ടതോടെ ഗവര്‍ണ്ണര്‍ പ്രതിഷേധം നിര്‍ത്തിയെങ്കിലും നിലമേല്‍ സംഭവം കേന്ദ്ര ഇടപെടലിനുള്ള അവസരമായി. എഫ്ഐആര്‍ വിവരം രാജ്ഭവന് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉപരാഷ്ട്രപതിയും ഗവര്‍ണ്ണറെ വിളിച്ചു. പിന്നാലെ കേന്ദ്രത്തില്‍ നിന്നും നിര്‍ണ്ണായക തീരുമാനമുണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് ലഭിച്ചിട്ടില്ല.














