Hivision Channel

പ്ലസ് വണ്‍ പ്രവേശനം; അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍

പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍. ലാബ് ഉള്‍പ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ പുറകോട്ടടിക്കുമെന്നുമാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലക്ഷ്യമിട്ട് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും താത്ക്കാലിക ബാച്ചുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഏറെ തിരിച്ചടിയാവുക മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. കോഴിക്കോട് മാത്രം ഇക്കുറി ഉപരിപഠന യോഗ്യത നേടിയത് 43720 പേരാണ്. ആകെയുളളത് 30,700 സീറ്റുകളും. താത്ക്കാലിക വര്‍ദ്ധന നടത്തിയാല്‍ പോലും 7,000ല്‍പ്പരം പേര്‍ ക്ലാസിന് പുറത്താകും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50പേര്‍ക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാര്‍ജിനല്‍ വര്‍ദ്ധനയിലൂടെ അത് 65ലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളില്‍ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ കൊമേഴ്‌സ് ലാബുകളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റുകൂട്ടിയാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകര്‍ പറയുന്നത്. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്ന് കാര്‍ത്തികേയന്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുമില്ല.

താത്ക്കാലിക ബാച്ചിനും മാര്‍ജിനല്‍ വര്‍ദ്ധനക്കും പകരം സ്ഥിരം ബാച്ച് അനുവദിച്ചാല്‍ അടിസ്ഥാന സൗകര്യങ്ങള്‍, നിയമനം തുടങ്ങി ഒട്ടേറെ കടമ്പകള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സ്ഥിരം സംവിധാനത്തിന് പകരം സീറ്റ് വര്‍ദ്ധനയിലേക്ക് സര്‍ക്കാര്‍ കടക്കുമ്പോള്‍ ഗുണത്തേക്കാളേറെ ദേഷമാകും ഉണ്ടാകുക.

Leave a Comment

Your email address will not be published. Required fields are marked *