തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറാം തീയതി പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍മാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. വരുന്ന ജൂലൈ ഒന്നാം തീയതി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.
2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുക. ഇതിന് മുന്‍പ് 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടന്നത്. ഇനി നടക്കുന്ന തദ്ദേശ സ്വയംഭരണ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്, പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടര്‍പട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയ കക്ഷികളുടെ യോഗം, ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍, ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.