ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത സംഘം തോട്ടില്‍ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തി.
ഹൈദരാബാദില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഉടന്‍തന്നെ രക്ഷപ്പെടുത്തിയത്.
കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിള്‍ മാപ്പില്‍ കാണിക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇങ്ങനെ തോട്ടിലേക്ക് ഗൂഗിള്‍ മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിലേക്ക് നയിച്ചത്.
മഴയുണ്ടായിരുന്നതിനാല്‍ തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലില്‍ യാത്രികരെ രക്ഷിക്കാന്‍ കഴിഞ്ഞു. അതേസമയം കാര്‍ ഒഴുകിപ്പോയി. തിരച്ചില്‍ പുരോഗമിക്കുകയാണ്.