Hivision Channel

വടകരയിലെ വാഹനാപകടത്തില്‍ ഒമ്പത് വയസുകാരി കോമയിലായ സംഭവം; വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു, പ്രതി വിദേശത്ത്

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാള്‍ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അന്വേഷണം ഏറെ ദുഷ്‌കരമായിരുന്നു.വെള്ള കാറാണ് എന്ന തെളിവ് മാത്രമേ പൊലിസിന് ലഭ്യമായിരുന്നുള്ളൂ.നിരന്തരം നടത്തിയ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയത്. മതിലില്‍ ഇടിച്ച കാര്‍ ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇങ്ങനെയാണ് പ്രതിയില്‍ എത്തിച്ചേര്‍ന്നത്. അപകടത്തിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ് പി പി നിധിന്‍ രാജ് വ്യക്തമാക്കി.

ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം കാര്‍ കണ്ടെത്താന്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. കേസില്‍ നിരവധി പേരുടെ മൊഴികള്‍ എടുക്കുകയും വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇത്രയും ഇടപെടലുകള്‍ നടന്നെങ്കിലും ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആറ് മാസമായി കോമയിലായ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം.

Leave a Comment

Your email address will not be published. Required fields are marked *