
വയനാട് വടക്കനാട് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന്. മയക്കുവെടി വെച്ചേക്കും. ദൗത്യത്തിനായി നിലവില്‍ രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ആര്‍ ആര്‍ ടി സംഘം കൃത്യമായി കാട്ടാനയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് പുരോഗമിക്കുന്നത്. കൃത്യമായ പദ്ധതി രൂപീകരിച്ചുകൊണ്ടാണ് വനം വകുപ്പും ആര്‍ ആര്‍ ടി സംഘവും മുന്നോട്ട് പോകുന്നത്.
ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കര്‍ഷകനായ രാജീവ് കൃഷിയിടത്തില്‍വെച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാട്ടാനയെ ഉടന്‍ പിടികൂടാമെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉറപ്പിന്മേലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാല്‍ നടപടികള്‍ വീണ്ടും വൈകിയതോടെ ബത്തേരി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.














