
മാനന്തേരി വില്ലേജ് ഓഫീസിന് സ്വന്തം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി. 2022-23 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് റവന്യു ഓഫീസ് നിര്‍മ്മിക്കുക. പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കുമായി നാല് മുറികളും പൊതുജനങ്ങള്‍ക്ക് ഒരു കാത്തിരിപ്പ് മുറിയും ഉണ്ടാകും. മുറ്റം ഇന്റര്‍ലോക്ക് ചെയ്യാനും ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. ജീര്‍ണാവസ്ഥയിലുള്ള വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തലശ്ശേരി താലൂക്കിലെ മാനന്തേരി വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് ഓഫീസിനായി പരിഗണിച്ചത്.
2022 നവംബര്‍ 16ന്റെ റവന്യു വകുപ്പ് ഉത്തരവ് പ്രകാരമാണ് മാനന്തേരിയെ സ്മാര്‍ട്ട് വില്ലേജ് ആയി ഉയര്‍ത്താന്‍ തീരുമാനമായത്. ഇതുപ്രകാരം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് 2023 ആഗസ്റ്റ് ആറിന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. 2024 മാര്‍ച്ച് 31ന് മുമ്പ് പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
റവന്യു ഓഫീസുകള്‍ ഇ ഓഫീസുകളായി, സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി മാറിയ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നത്. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സേവനങ്ങള്‍ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് താമസമില്ലാതെ, മികച്ച രീതിയില്‍ വില്ലേജ് ഓഫീസുകളില്‍നിന്നുള്ള സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.














