പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാന്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഡയറക്ടേറ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകള്‍ ശേഷിക്കുന്നുണ്ട്.
ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ആരംഭിച്ചതും നിലവില്‍ തീര്‍പ്പാകാതെ ശേഷിക്കുന്നതുമായ 10,734 ഫയലുകളും ഒരു വര്‍ഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്നതുമായ 3,371 ഫയലുകളും രണ്ട് വര്‍ഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീര്‍പ്പാക്കാത്ത ശേഷിക്കുന്നതുമായ 1,605 ഫയലുകളും മൂന്ന് വര്‍ഷത്തിന് മുകളില്‍ ആരംഭിച്ചതും നിലവില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്നതുമായ 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തില്‍ അവശേഷിക്കുന്നുണ്ട്.
ഓഡിറ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെന്‍ഷന്‍, വിജിലന്‍സ്, കോടതി കേസുകള്‍ സംബന്ധിച്ച ഫയലുകളും തീര്‍പ്പാക്കുന്നതിന് ഡയറക്ടറേറ്റില്‍ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ വിവരം ഡയറക്ടര്‍ റിപ്പോര്‍ട്ടാക്കി നല്‍കണം. ഡയറക്ടറേറ്റിന്റെ കോമ്പൗണ്ടില്‍ പഴയ വാഹനങ്ങള്‍ തുരുമ്പെടുത്ത് കിടക്കുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അഡീഷണല്‍ ഡയറക്ടര്‍ക്ക് ചുമതല നല്‍കണം. ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സര്‍ക്കാരിന് കൈമാറണം.വിവിധ പരിപാടികള്‍ക്കായി അഡ്വാന്‍സായി പണം വാങ്ങി ഇനിയും സെറ്റില്‍ ചെയ്യാത്തവര്‍ ഉടനെ സെറ്റില്‍ ചെയ്യാന്‍ നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.