Hivision Channel

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ

 വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ  വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്

Leave a Comment

Your email address will not be published. Required fields are marked *