
തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ് മത്സരിക്കുന്നത്. സിപിഎം വിമതർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ചില കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.
മണ്ഡലത്തിൽ മത്സരിക്കുമെന്നും ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും കൊയ്യം ജനാർദനൻ പ്രതികരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളാണ് കൊയ്യം ജനാർദ്ദനൻ. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. 2021-ൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദിന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുകയും അബ്ദുൾ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുകയുമായിരുന്നു.














