Hivision Channel

കാഴ്ചപരിമിതിയുള്ളവര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സഹായി സംവിധാനം

നിയമസഭ തിരഞ്ഞെടുപ്പില്‍ കാഴ്ചാപരിമിതി മൂലമോ ശാരീരിക അവശതകള്‍ മൂലമോ ബാലറ്റ് യുനിറ്റിലെ ചിഹ്നം തിരിച്ചറിയാന്‍ സാധിക്കാതിരിക്കുകയോ ബാലറ്റ് യൂനിറ്റില്‍ സ്വയം വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതോ ആയ വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സഹായിയുടെ സേവനം തേടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ സംവിധാനം കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് നടപ്പിലാക്കുന്നത്.

പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയുടെ സേവനം അനുവദിക്കുകയുള്ളൂ. സഹായിയുടെ സേവനം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസറാണ്.
സഹായിയും വോട്ടര്‍ക്കൊപ്പം പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ചാണ് വോട്ടിംഗ് നടപടി പൂര്‍ത്തീകരിക്കുന്നത്. സഹായി 18 ന് മുകളില്‍ പ്രായമുള്ള ആളാകണം.

സഹായി ആയി വരുന്നയാള്‍ ഒരു ദിവസം ഒരേയൊരു വോട്ടര്‍ക്കു മാത്രമേ സഹായിയാവുകയുള്ളൂ എന്നും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്നും സത്യപ്രസ്താവന ഒപ്പിട്ട് നല്‍കണം. ആര്‍ക്ക് വോട്ട് ചെയ്തുവെന്ന വിവരം പുറത്തുവിടുന്നത് നിയമലംഘനമാണ്.

വോട്ടറുടെ ഇടതു ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മായ്ക്കാനാകാത്ത മഷി അടയാളപ്പെടുത്തുക.

പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരം വോട്ടര്‍മാരുടെ വിശദ വിവരങ്ങളടങ്ങിയ പട്ടിക (ഫോം 14A) തയ്യാറാക്കി റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം.

ശാരീരിക അവശത മൂലം സഞ്ചരിക്കാന്‍ പ്രയാസമുണ്ടെങ്കിലും ബാലറ്റ് യുനിറ്റില്‍ സ്വയം വിരലമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കുന്ന വോട്ടര്‍ക്ക് പോളിംഗ് സ്റ്റേഷനകത്ത് പ്രവേശിക്കാനും വോട്ടിംഗ് യന്ത്രത്തിന് അടുത്തേക്ക് വോട്ടറെ എത്തിക്കാനും മാത്രമായി സഹായിയുടെ സേവനം തേടാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിയുടെ പ്രസ്താവനയോ ഫോം 14 A യിലുള്ള രേഖപ്പെടുത്തലോ ആവശ്യമില്ല.

1951 ലെ ജനപ്രാതിനിധ്യ നിയമം – രഹസ്യസ്വഭാവ ലംഘനം (വകുപ്പ് 128): വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് മാസം വരെ തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *