
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരു സ്‌നേഹ പ്രവര്‍ത്തനത്തിന് സാക്ഷിയായി ഓടംതോട് സെന്റ്.സെബാസ്റ്റ്യന്‍സ് പള്ളിയിലെ യുവജനങ്ങള്‍. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ സഹായകരമാകുന്ന വിധത്തില്‍ തങ്ങളുടെ മുടി ദാനം ചെയ്ത് യുവജനങ്ങളും കുട്ടികളും മാതൃകയായി. KCYM ഒടംതോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സ്‌നേഹ പ്രവര്‍ത്തനത്തില്‍ നിരവധി പേര്‍ സ്വമേധയാ പങ്കെടുത്ത് തങ്ങളുടെ മുടി മുറിച്ചു ദാനം ചെയ്തു. മനുഷ്യസ്‌നേഹവും കരുണയും സഹാനുഭൂതിയും നിറഞ്ഞ ഈ പ്രവര്‍ത്തനം സമൂഹത്തിന് മുന്നില്‍ ഒരു വലിയ സന്ദേശമായി മാറി.
കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുടെ വേദനകള്‍ക്കൊപ്പം പലപ്പോഴും മാനസികമായും വലിയൊരു വെല്ലുവിളിയാണ് മുടി നഷ്ടപ്പെടുന്നത്. സ്വന്തം രൂപഭംഗിയില്‍ ഉണ്ടാകുന്ന ഈ മാറ്റം പലര്‍ക്കും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വിഗ് ഉപയോഗിക്കുന്നത് രോഗികള്‍ക്ക് ആത്മവിശ്വാസവും ആത്മസന്തോഷവും നല്‍കുന്ന ഒരു വലിയ പിന്തുണയായി മാറുന്നു. ഈ കാര്യം മനസ്സിലാക്കിയ യുവജനങ്ങളാണ് സ്വന്തം മുടി ദാനം ചെയ്ത് ഈ മഹത്തായ പ്രവര്‍ത്തനത്തിന് കൈകൊടുത്തത്.
മുടി ദാനം ചെയ്യുന്നത് ചെറിയൊരു പ്രവര്‍ത്തനമായി തോന്നിയാലും അതിന്റെ പിന്നില്‍ വലിയൊരു മനുഷ്യസ്‌നേഹ സന്ദേശമുണ്ട്. മറ്റൊരാളുടെ വേദന മനസ്സിലാക്കി അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസ്സാണ് ഈ പ്രവര്‍ത്തനത്തിലൂടെ പ്രകടമായത്. സമൂഹത്തില്‍ കരുണയും സഹാനുഭൂതിയും വളര്‍ത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനുള്ള പ്രചോദനമായും ഈ പരിപാടി മാറി.
കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഈ മുടി കൈമാറി വിഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചികിത്സയുടെ കഠിന ഘട്ടങ്ങളില്‍ കഴിയുന്ന രോഗികള്‍ക്ക് ആത്മവിശ്വാസവും പുതുവിശ്വാസവും നല്‍കാന്‍ ഈ മുടി സഹായകരമാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.
മനുഷ്യസ്‌നേഹവും പരോപകാരവും സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തികളാണെന്ന സന്ദേശം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മുടി ദാന പരിപാടി. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു ചെറിയ സന്തോഷം പകരാന്‍ കഴിയുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ വളരട്ടെയെന്ന ആശംസയും പലരും പങ്കുവെച്ചു.
ഇടവക വികാരി. ഫാ. തോമസ് പതിക്കല്‍, അസി. വികാരി ഫാ. ഏബിള്‍ കാപ്പുകാട്ടില്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ ഫൊറോന വികാരി ഫാ. ഷാജി തെക്കേമുറിയില്‍ മുടി ദാനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മോമെന്റൊയും നല്‍കി ആദരിച്ചു.KCYM ജനറല്‍ സെക്രട്ടറി ജീവന്‍ ജോസഫ്, മദര്‍ സുപ്പീരിയര്‍ സി. ട്രീസാപോള്‍,ബ്രദര്‍ ഡോണല്‍ എന്നിവര്‍ സംസാരിച്ചു.
ആലുവയിലുള്ള സ്‌നേഹ തീരം കമിലിയന്‍ HIV / AIDS കെയര്‍ സെന്റര്‍ മുഖാന്തരം തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കാണ്് മുടി ദാനം ചെയ്തത്..














