Hivision Channel

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി.

മുന്‍മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്ത് വയ്ക്കും. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനം ഉണ്ടാകും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അറിയിച്ചു.

നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *